കൊച്ചി: ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ പൊന്നാനി ബലാത്സംഗ കേസില്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവുപ്രകാരം കേസെടുത്ത് അന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവ്. കേസെടുക്കാനുള്ള പൊന്നാനി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യംചെയ്തു മലപ്പുറം മുന്‍ എസ്പി എസ്. സുജിത്ദാസ്, താനൂര്‍ മുന്‍ ഡിവൈഎസ്പി വി.വി. ബെന്നി, പൊന്നാനി മുന്‍ സിഐ വിനോദ് വലിയാറ്റൂര്‍ എന്നിവര്‍ നല്കിയ ഹര്‍ജി ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ തള്ളി. കുടുംബതര്‍ക്കത്തില്‍ പരാതി നല്‍കാനെത്തിയ തന്നെ പൊന്നാനി സിഎ വിനോദ് വലിയാട്ടൂര്‍ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
ഉദ്യോഗസ്ഥര്ക്കെതിരേ ഉത്തരവിടും മുമ്പ് മേലുദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് തേടണമെന്ന ബിഎന്‍എസ്എസ് വ്യവസ്ഥ മജിസ്ട്രേറ്റ് കോടതി പാലിച്ചില്ലെന്നടക്കം വാദങ്ങളാണു ഹര്‍ജിക്കാര്‍ ഉയര്‍ത്തിയത്.
എന്നാല്‍ ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അനാവശ്യ പരാതികളിൽനിന്ന് സംരക്ഷണം നല്‍കാനാണ് ഈ വ്യവസ്ഥയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പ്രതികള്‍ക്കെതിരായ ആരോപണം ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമായി നടന്നതാണെന്ന് കരുതാനാകില്ല. ബലാത്സംഗം പോലുള്ള കുറ്റാരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഈ പരിരക്ഷ ലഭിക്കാന്‍ അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി.